December 28, 2010

ഞാന്‍

ഞാനാരാണെന്നറിയാനുള്ള
അവസാനിക്കാത്ത
അന്വേഷണമാണ്
എന്റെ ജീവിതം.
പക്ഷെ,
സത്യം
എപ്പോഴുമെന്നില്‍നിന്ന്
വഴുതിമാറുകയാണ്.
പൂര്‍ണ്ണതക്കുശേഷം
ശ്യൂന്യതയാണെന്നതിനാലാവാം
കണ്ണാടിപോലും
തലതിരിഞ്ഞരൂപം
കാണിച്ചുതന്ന്
എന്നെ
പറ്റിച്ചുകൊണ്ടേയിരിക്കുന്നത്...

November 24, 2010

കവിത ജനിക്കുമ്പോള്‍

മനോഹരവും
ജീവിതഗന്ധിയുമായ
ഒരു കവിത വേണം.
മനസ്സാണെങ്കില്‍
ശൂന്യം...
അങ്ങനെയാണ്
മുറിവിട്ട്
ഞാന്‍
പുറത്തിറങ്ങിയത്...
ആദ്യം കണ്ടത്
ഒരു ഉന്തുവണ്ടിനിറയെ
പ്രതീക്ഷകള്‍ കുത്തിനിറച്ച്
നടന്നടുക്കുന്ന
പച്ചക്കറിക്കാരനെയാണ്.
'സുഹ്രുത്തേ
എനിക്കൊരു കവിത വേണം'
ചീഞ്ഞ തക്കാളി
മൂന്നാലെണ്ണം പെറുക്കിയെടുത്ത്
അയാള്‍ പറഞ്ഞു:
'ഇതെന്റെ കൊച്ചുമോളുടെ
പുതിയ നോട്ടുപുസ്തകം'
അയാളെ വിട്ട്
പിന്നെപ്പോയത്
ഒരോട്ടോസ്റ്റാന്റിലേക്കാണ്.
ഞാന്‍
ചോദ്യമാവര്‍ത്തിച്ചു.
അപ്പോള്‍
പെട്രോള്‍ടാങ്ക് തുറന്ന്
ഒരു
കോലെടുത്തതിലിട്ട്
അറ്റത്തെ നനവിലേക്ക് നോക്കി
അയാള്‍
ദൈന്യമായി പുഞ്ചിരിച്ചു.
അവസാനം
ഞാനെത്തിയത്
തന്നേക്കാള്‍ ഭാരവുമായി
നടന്നുനീങ്ങുന്ന
ഒരു
വൃദ്ധന്റെയടുത്തേക്കാണ്.
ഒന്നും പറയാതെ
അയാളാ ചാക്ക്
എന്റെ
പുറത്തേക്ക് വച്ചു.
പുറം വളഞ്ഞെങ്കിലും
ഒന്നും ഞാന്‍
പുറത്തേക്ക് കാണിച്ചില്ല.
മൂന്നാം നിലയിലെ
നാലാം മുറിയില്‍
പുറത്തുള്ളത്
അകത്തേക്ക് വക്കുമ്പോഴേക്കും
ഞാനൊരു
കവിത
എഴുതിക്കഴിഞ്ഞിരുന്നു;
അന്നുവരെ
എഴുതിയിട്ടില്ലാത്ത...




November 10, 2010

പ്രണയം

ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...

November 04, 2010

ലോട്ടറി നിരോധിക്കുന്നതിനുപകരം...


    ലോട്ടറി ഒരു ചൂതാട്ടമാണെന്നും ആയിരക്കണക്കിനാളുകള്‍ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ലോട്ടറി കളിച്ച് കളയുന്നുണ്ടെന്നും പല കുടുംബങ്ങളും അത്മഹത്യയുടെ വക്കത്താണെന്നുമെല്ലാം പറഞ്ഞിട്ടാണ് ലോട്ടറി നിരോധിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ.പക്ഷെ,അന്യസംസ്ഥാനങ്ങള്‍ വളരെ മിടുക്കന്മാരായി കോടികള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത് സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് ഇത്തരമൊരു നിരോധനത്തിന്റെ ചിന്ത ഉയര്‍ന്നുവന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.
 
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ അവസാനത്തെ അത്താണിയായി അല്ലെങ്കില്‍ ജീവിതത്തിലെ ഇനിയും വറ്റാത്ത പ്രതീക്ഷയായി ഒക്കെയാണ് ലോട്ടറി എന്ന പദത്തെ നിര്‍വ്വചിക്കേണ്ടത് എന്ന് തോന്നിപ്പോവുന്നു.പലരും ഇതിന്റെ അടിമകളാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല.പക്ഷെ,നല്ല രീതിയില്‍ പുന:സംഘടിക്കപ്പെട്ടാല്‍ ലോട്ടറി ഒരു മികച്ച സ്ഥാപനമായി മാറുമെന്നതില്‍ തര്‍ക്കമില്ല.അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  •         ഒരു വ്യക്തി ഒരാഴ്ചയില്‍ ഒരു ലോട്ടറി മാത്രമേ എടുക്കാവൂ.ലോട്ടറിയെടുക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുത്തശേഷം മാത്രമാക്കണം.അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും വേണം.രണ്ടു നമ്പര്‍ ഒരാളെടുത്തതു കണ്ടുപിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് സമ്മാനം ലഭിക്കുകയില്ല.ഇതിലൂടെ ലോട്ടറിയെടുക്കേണ്ടവര്‍ക്ക് എടുക്കുകയും ചെയ്യാം.അമിതമാകുന്ന പ്രശ്നവുമുണ്ടാകില്ല.
  •         ഒരു കോടിയും കാറും തുടങ്ങി വായില്‍‍കൊള്ളാത്ത വലിയ സംഖ്യകള്‍ ഒരാള്‍ക്ക് നല്‍കുന്നത് ഒഴിവാക്കി ആ സംഖ്യ ആയിരം പേര്‍ക്കു വീതിച്ച് ചെറിയ 'ഭാഗ്യ'ങ്ങളിലേക്ക് മാറ്റുക.അങ്ങനെ ലോട്ടറിയുടെ ഗുണവശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും.
  •        ലക്ഷങ്ങളുടെ സമ്മാനം,പാവപ്പെട്ടവര്‍ക്കു ലഭിക്കുകയാണെങ്കില്‍ മുഴുവന്‍ സംഖ്യ നല്‍കുകയും അല്ലാത്തപക്ഷം(സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടവര്‍ക്ക്)പരമാവധി പതിനായിരം രൂപയില്‍ സമ്മാനം നിജപ്പെടുത്തുകയും ചെയ്യുക.ബാക്കി വരുന്ന സംഖ്യ സര്‍ക്കാരിന്റെ ക്ഷേമനിധിയിലേക്ക് വരവുവെക്കട്ടെ.സാമ്പത്തിക അസമത്തം കുറേയൊക്കെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.

   അന്ധര്‍,വികലാംഗര്‍ തുടങ്ങി മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്ത ആയിരക്കണക്കിനാളുകളെ ഭിക്ഷാടനത്തിലേക്കു തള്ളിവിടാതിരിക്കാന്‍ ലോട്ടറി നിലനില്‍ക്കുകതന്നെ വേണം.

October 29, 2010

സിറോക്സ് കോപ്പി


മുകളില്‍ വച്ച ഒറിജിനലിന്റെ
തനി പകര്‍പ്പാണ്
അവള്‍
എടുത്തുകൊടുത്തത്.
എന്നിട്ടും
കളര്‍ കുറഞ്ഞുപോയത്

'ടോണറിന്റെ'
കുഴപ്പം കൊണ്ടാണെന്ന്
വിശ്വസിക്കാന്‍
അയാള്‍ തയ്യാറായിരുന്നില്ല...
കാരണം,
രാത്രിയുടെ അന്ത്യയാമങ്ങളില്‍
വേലിക്കരികില്‍
നിഴലുകളനങ്ങിയിരുന്നത്
അയാളുടെ
തോന്നല്‍ മാത്രമായിരുന്നില്ല
ല്ലോ...

October 23, 2010

ഊട്ടിയിലെ പട്ടി


പകല്‍ മുഴുവന്‍
'ഈസ്', 'വാസ്' കൊണ്ട്
ജാഡ കാണിച്ച
ഒരുത്തന്റെ തലയില്‍
രാത്രിയില്‍ വെള്ളമൊഴിച്ചപ്പോള്‍
അമ്മേ എന്നു നിലവിളീച്ചതായി
പറഞ്ഞുകേട്ടിട്ടുണ്ട്.
ലോകഭാഷയില്‍ തന്നെ
വളരെ ശക്തമായ
സാഹിത്യവും സംസ്കാരവും കൊണ്ട്
സമ്പന്നമായ
നമ്മുടെ പ്രിയപ്പെട്ട മലയാളത്തെ
അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക്
വലിച്ചെറിഞ്ഞ
ഒരു തലമുറയാണ്
നമ്മുടേത്.
അത്ഭുതപ്പെടേണ്ട;
'വീട്ടിലെ കുട്ടി ഊട്ടിയിലും
ഊട്ടിയിലെ പട്ടി വീട്ടിലുമല്ലേ...?'
.

October 06, 2010

നാല് കവിതകള്‍


  • ജനനം
ഏകാധിപത്യത്തിന്റെ
സ്വാതന്ത്ര്യത്തില്‍ നിന്ന്
'സര്‍‌വ്വാധിപത്യ'ത്തിന്റെ
അടിമത്തത്തിലേക്ക്
ഒരു
ചുവടുമാറ്റം.
  • വിവാഹം
സ്വതന്ത്രമായൊഴുകുന്ന
രണ്ടു നേര്‍രേഖകളെ
സം‌യോജിപ്പിച്ച്
വളവുകളും
വിളവുകളും
സൃഷ്ടിക്കുന്ന
സൂത്രവാക്യം.
  • മരണം
ഉറക്കം നടിക്കുന്ന
ആളുകള്‍ക്കിടയില്‍
ഉറക്കം നടിക്കാത്ത
ഒരാളുടെ ജനനം.
  • ജീവിതം
ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി.
.

September 26, 2010

മൂടൊഴിഞ്ഞു തരുന്നവര്‍



ലേണിംഗും എട്ടും
പിന്നെ
പഞ്ചായത്ത് റോഡിലെ ട്രയലും
കഴിഞ്ഞാണ്
ഞാന്‍
അങ്ങാടി കണ്ടത്.
ഹോ...
ഉണക്കമീന്‍ വാങ്ങാന്‍ വന്നവന്റെ
ബൈക്കും
പച്ചക്കറി ഡിക്കിയിലേക്കിടുന്നവന്റെ
കാറും
കൂട്ടുകാരനുമായി സൊറക്കുന്നവന്റെ
ജീപ്പും
റോഡ് നിറഞ്ഞു നില്‍ക്കുന്ന-
തിനിടയിലൂടെ
ചാഞ്ഞും ചരിഞ്ഞും
ഒരു വിധം
ഞാന്‍
പുറത്തു കടന്നു.
അങ്ങാടിക്കുരുക്കുകള്‍ പിന്നിട്ട്
ഹൈവേയുടെ നീണ്ടനിരപ്പില്‍
ടോപ്പ് ഗിയറിലേക്ക്
കാല്‍ നീങ്ങവേ,
തോളില്‍ പിണച്ചുവച്ച
കൈകളില്‍ തൂങ്ങിയാടി
ഒരു സൗഹൃദക്കൂട്ടം
മുന്നില്‍ ചാടിയത്
പെട്ടെന്നായിരുന്നു.
കാലാദ്യമായി ബ്രേക്കിലേക്ക് ...
പിന്നീട്,
തനിക്കുവേണ്ട പേര്
പരസ്യബോര്‍ഡുകളില്‍
തിരയുന്നവര്‍,
മൊബൈല്‍
ചെവിയുടെ അണ്ണാക്കിലേക്ക്
തിരുകിയവര്‍,
റോഡിനുനടുവിലെ
വെള്ളവരക്കരികില്‍
'ഔദാര്യ'ത്തിന്റെ പോസ്റ്റര്‍
മുഖത്തൊട്ടിച്ച്
മൂടൊഴിഞ്ഞ് തരുന്നവര്‍...
ബ്രേക്കു ചവിട്ടാന്‍
കാരണങ്ങളുടെ
ഇടമുറിയാത്ത നീണ്ടനിര.
ഇതിനിടയില്‍,
ഹോണടി കേട്ട്
ആദ്യമായി സൈഡ് തന്നവരെ
ഞാനിറങ്ങിച്ചെന്നൊന്നു നമിച്ചു.
പകരം,
അവരൊന്നിളിച്ചു,
ഒന്നമറി,
പിന്നെ
അല്‍‌പ്പം
ചാണകമിട്ടു തന്നു...
.