June 23, 2011

കാഴ്ച

                        
     'അല്ല,നേതാവേ എല്ലാ ദിവസവും തേച്ചുമിനുക്കി പുതിയതു മാത്രമാണല്ലോ അങ്ങ് ധരിക്കുന്നത്.
പക്ഷെ,ഈ അടീലിടുന്നതു മാത്രം...കീറിപ്പൊളിഞ്ഞ്,മുഷിഞ്ഞുനാറി..!?'
     'ഓ...അതിപ്പൊ ആരു കാണാനാ..?'

June 11, 2011

അക്ഷരത്തെറ്റ്



വയറൊഴിയുന്നതിനാവും
'മെഡിക്കല്‍ ചെക്ക് അപ്പി'ന്...
ആ,അതെ; പക്ഷെ...ഇവിടെ
'മേടിക്കല്‍ ചെക്ക് അപ്പ്' ആക്കിയത്
അറിഞ്ഞിരുന്നില്ലല്ലോ...

June 07, 2011

സമയം


   
ദിവസവും നൂറിലേറെ വാച്ചുകള്‍ നന്നാക്കാറുള്ള അയാള്‍ക്ക് തന്റെ വാച്ചിലെ
സൂചികള്‍ നിന്നിട്ട് ദിവസങ്ങളേറെയായി എന്നറിയാനുള്ള സമയം ഉണ്ടായിരുന്നില്ല.

May 09, 2011

കൈ നനയാതെ മീന്‍പിടുത്തം

   
'ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാ..?'
'ഇപ്പോഴത്തെ കേരള ഗവര്‍ണ്ണറോ..?'
     തലങ്ങും വിലങ്ങുമുള്ള ചോദ്യങ്ങള്‍ കേട്ട് കുട്ടികള്‍ വാപൊളിച്ചു.
'ആ നാളെ കണ്ടെത്തി വന്നാല്‍ മതി'
ഹോ...ആശ്വാസം.തല്ലില്‍ നിന്നു രക്ഷപ്പെട്ടല്ലോ?'
വിദ്യാര്‍ത്ഥികള്‍ നെടുവീര്‍പ്പിട്ടു.
     പിറ്റേന്ന്,ഉത്തരങ്ങള്‍ ഓരോന്നായി കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ധ്യാപകന്റെ മനം കുളിര്‍ത്തു:
     'തനിയ്ക്ക് അന്വേഷിച്ച് അലയേണ്ടി വന്നില്ലല്ലോ...'

April 29, 2011

കണ്ണൂരുകാരെ നമിച്ചുപോയി


     നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു കഥയുണ്ട്.കേരളത്തിന്റെ വടക്കോട്ട് പോയി വഴി ചോദിച്ചാല്‍ അവര്‍ പോവേണ്ട സ്ഥലം പറഞ്ഞുതരിക മാത്രമല്ല,അവിടെ കൊണ്ടുപോയി എത്തിക്കുകയും ചെയ്യും.മധ്യകേരളത്തിലെത്തിയാല്‍ വല്ല്യ താല്പ്പര്യമില്ലാത്ത ശരീരഭാഷയും,മുഖഭാവവുമായി വഴി പറഞ്ഞുതരികമാത്രം ചെയ്യും.ഇനി തെക്കൊട്ടു പൊയാലോ?വഴി തെറ്റിച്ചു പറഞ്ഞുതരുമത്രേ...
     പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള ഈ കഥ അനുഭവവേദ്യമായതിന്റെ സന്തോഷം,ത്രില്‍,ആശ്ചര്യം;പങ്കുവെക്കട്ടെ...
     കഴിഞ്ഞ ദിവസം കാര്‍ട്ടൂണിസ്റ്റ് മുഖ്താര്‍ ഉദിരംപൊയിലിനോടൊത്ത് കാസര്‍കോടേക്കുള്ള യാത്രാമദ്ധ്യേ രാത്രി പത്തരയോടടുപ്പിച്ച് കണ്ണൂര്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ സ്ഥലം ഏകദേശം വിജനമായിരുന്നു.
      'ഒരു റൂം കിട്ടുമോ...'
       അവിടെ കണ്ട സെക്യൂരിറ്റിക്കാരോട് ചോദിച്ച ഉടനെ അതിലൊരാള്‍ ഞങ്ങളോടൊപ്പം പോന്നു.ലിഫ്റ്റില്‍ കയറി മൂന്നാം നിലയിലെത്തി ഞങ്ങള്‍ക്ക് റൂം കാണിച്ചു തന്ന് വാടക കുറവുള്ളത് എടുക്കാന്‍ പ്രത്യേകം നിര്‍ദ്ദേശവും തന്നു.എന്തേലും ചില്ലറ കിട്ടാനാവും?ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല.തന്റെ ദൗത്യം പൂര്‍ത്തിയായപ്പോള്‍ ഞങ്ങളോട് യാത്ര പറഞ്ഞ് അയാള്‍ താഴേക്കിറങ്ങിപ്പോയി;നന്മയുടെ പ്രകാശം പരത്തിക്കൊണ്ട്...
      അന്നും പിറ്റേന്നുമായി രണ്ടുമൂന്നു സന്ദര്‍ഭങ്ങള്‍കൂടി ഉണ്ടായി മുകളിലെ കഥയിലെ ആദ്യഭാഗം സാധൂകരിക്കാന്‍...സത്യം പറയാലോ,കണ്ണൂരുകാരെ നമിച്ചുപോയി...
      ഈ സ്വഭാവസവിശേഷത ലോകം മുഴുവനും പടര്‍ന്നു പന്തലിക്കാന്‍ ഇടയാവട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.

March 16, 2011

വായ


പുറത്തുള്ളത്
അകത്തിടാനും
'അകത്തു'ള്ളത്
പുറത്തേക്കിടാനും
ഒരു വഴി.
ഒരേ വഴി...
ചിലര്‍
അകത്തേക്ക്
എപ്പോഴും
ഇട്ടുകൊണ്ടേയിരിക്കും.
ചിലര്‍
പുറത്തേക്കും...
രണ്ടും
ഒരിക്കലും ദഹിക്കാതെ
അങ്ങനെ...

February 28, 2011

മൊബൈൽ ഫോട്ടോ ഗ്രാഫേഴ്സ് ഒത്തു ചേരുന്നു... നിങ്ങൾക്കും സ്വാഗതം





മലപ്പുറം ജില്ലയിലെ മഞ്ചേരി വായ്പ്പാറപ്പടി ജി.എല്‍.പി.സ്കൂളിൽ മൊബൈൽ ചിത്ര ശേഖരമുള്ളവരും മൊബൈൽ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരും മാര്‍ച്ച് 13 നു ഞായറാഴ്ച കാലത്ത് 10 മണിക്ക് ഒത്തുചേരുന്നു....
സംസ്ഥാന തലത്തിൽ അസോസിയേഷൻ രൂപീകരണവും ഉടനെ  സംഘടിപ്പിക്കുന്ന സം‌യുക്ത  മൊബൈൽ ഫോട്ടോ  പ്രദർശനത്തിന്റെ  പുതിയ ഫോട്ടോകള്‍തിരഞ്ഞെടുക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താൻ നിങ്ങളെ സ്നേഹാദരം ക്ഷണിക്കുന്നു..
മൊബൈൽ ഫൊട്ടോ പ്രദർശനത്തിൽ ശ്രദ്ധേയനായ ഗിരീഷ് മാരേങ്ങലത്ത് , അലിഫ്, കൂട്ടത്തിന്റെ ഫോട്ടോഗ്രാഫെർ കാസിംക്ക.. സിനിമാ സഹ സം‍വിധായകൻ പ്രസാദ് തമ്പുരാട്ടി തുടങ്ങിയവർ നേ
തൃത്വം നൽകും...
 കൂടുതൽ വിവരങ്ങൾക്ക്   ഈ നമ്പറുകളിൽ  ബന്ധപ്പെടുക..
alif 9995452593

gireesh marengalath-9495 488 032

February 15, 2011

പ്രണയം



ഒന്നും ഒന്നും
ഒന്നാകാനാശിക്കുമ്പോള്‍
പ്രണയം ജനിക്കുന്നു.
ഒന്നും ഒന്നും
ഒന്നായിത്തീരുമ്പോള്‍
പ്രണയം മരിക്കുന്നു.

January 28, 2011

സെന്‍സസ് ഇങ്ങനെയാക്കിക്കൂടെ..?



   നിലവില്‍...
   രാജ്യത്ത് പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കിയവയുടെ ഫലപ്രാപ്തി വിലയിരുത്താനും മറ്റനേകം കാര്യങ്ങള്‍ക്കും സെന്‍സസ് സഹായിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.എന്നാല്‍ അതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനം കൊടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോടികളാണ് ചെലവഴിക്കപ്പെടുന്നത്.വെറും കോടികളല്ല,കോടാനുകോടികള്‍.
   മാത്രമല്ല,വിവരം നല്‍കുന്ന ആള്‍ പറയുന്ന കാര്യം അതേപടി  പകര്‍ത്തുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യത ഒരുപാട് കൂടുതലുമാണ്.
   പോംവഴി
    വില്ലേജ് ഓഫീസ് വഴി, കിട്ടേണ്ട വിവരങ്ങളുടെ ഒരു ഫോം വിതരണം ചെയ്യുക.രണ്ടാഴ്ചക്കകം വിവരങ്ങള്‍ സത്യസന്ധമായി പൂരിപ്പിച്ച് തിരിച്ചേല്പ്പിക്കണം.എല്പ്പിക്കാതിരിക്കുകയോ വിവരങ്ങള്‍ തെറ്റായി നല്‍കുകയോ ചെയ്യുന്നപക്ഷം റേഷന്‍കാര്‍ഡ് കട്ട് ചെയ്യല്‍,ആയിരം രൂപ പിഴ,മൂന്ന് വര്‍ഷം തടവ് തുടങ്ങിയ ശിക്ഷകള്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് നേരത്തെ അനൗണ്‍സ് ചെയ്യണം.പുതിയ നിയമം പാസാക്കിയാല്‍ മതിയല്ലോ?
   (സെന്‍സസിനു പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മേല്പ്പറഞ്ഞ പിഴയും തടവും നിലവില്‍ ഉണ്ടെന്നുള്ളത് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്)
  ഇതിലൂടെ എല്ലാ വിവരങ്ങളും ഒരു തെറ്റുപോലുമില്ലാതെ  മണിമണിയായി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും.ചെലവാണെങ്കില്‍ തുലോം കുറവും.



  

January 05, 2011

വിളി

പോത്തെന്ന്
പേരിട്ടവരോടല്ലത്രെ
പോത്തിനിപ്പോള്‍ ദേഷ്യം;
ചില
മനുഷ്യരെ
പോത്തെന്ന്
വിളിക്കുന്നതിലാണ്.