April 29, 2011

കണ്ണൂരുകാരെ നമിച്ചുപോയി


     നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു കഥയുണ്ട്.കേരളത്തിന്റെ വടക്കോട്ട് പോയി വഴി ചോദിച്ചാല്‍ അവര്‍ പോവേണ്ട സ്ഥലം പറഞ്ഞുതരിക മാത്രമല്ല,അവിടെ കൊണ്ടുപോയി എത്തിക്കുകയും ചെയ്യും.മധ്യകേരളത്തിലെത്തിയാല്‍ വല്ല്യ താല്പ്പര്യമില്ലാത്ത ശരീരഭാഷയും,മുഖഭാവവുമായി വഴി പറഞ്ഞുതരികമാത്രം ചെയ്യും.ഇനി തെക്കൊട്ടു പൊയാലോ?വഴി തെറ്റിച്ചു പറഞ്ഞുതരുമത്രേ...
     പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള ഈ കഥ അനുഭവവേദ്യമായതിന്റെ സന്തോഷം,ത്രില്‍,ആശ്ചര്യം;പങ്കുവെക്കട്ടെ...
     കഴിഞ്ഞ ദിവസം കാര്‍ട്ടൂണിസ്റ്റ് മുഖ്താര്‍ ഉദിരംപൊയിലിനോടൊത്ത് കാസര്‍കോടേക്കുള്ള യാത്രാമദ്ധ്യേ രാത്രി പത്തരയോടടുപ്പിച്ച് കണ്ണൂര്‍ പുതിയ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ സ്ഥലം ഏകദേശം വിജനമായിരുന്നു.
      'ഒരു റൂം കിട്ടുമോ...'
       അവിടെ കണ്ട സെക്യൂരിറ്റിക്കാരോട് ചോദിച്ച ഉടനെ അതിലൊരാള്‍ ഞങ്ങളോടൊപ്പം പോന്നു.ലിഫ്റ്റില്‍ കയറി മൂന്നാം നിലയിലെത്തി ഞങ്ങള്‍ക്ക് റൂം കാണിച്ചു തന്ന് വാടക കുറവുള്ളത് എടുക്കാന്‍ പ്രത്യേകം നിര്‍ദ്ദേശവും തന്നു.എന്തേലും ചില്ലറ കിട്ടാനാവും?ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല.തന്റെ ദൗത്യം പൂര്‍ത്തിയായപ്പോള്‍ ഞങ്ങളോട് യാത്ര പറഞ്ഞ് അയാള്‍ താഴേക്കിറങ്ങിപ്പോയി;നന്മയുടെ പ്രകാശം പരത്തിക്കൊണ്ട്...
      അന്നും പിറ്റേന്നുമായി രണ്ടുമൂന്നു സന്ദര്‍ഭങ്ങള്‍കൂടി ഉണ്ടായി മുകളിലെ കഥയിലെ ആദ്യഭാഗം സാധൂകരിക്കാന്‍...സത്യം പറയാലോ,കണ്ണൂരുകാരെ നമിച്ചുപോയി...
      ഈ സ്വഭാവസവിശേഷത ലോകം മുഴുവനും പടര്‍ന്നു പന്തലിക്കാന്‍ ഇടയാവട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.