പുറത്തുള്ളത്
അകത്തിടാനും
'അകത്തു'ള്ളത്
പുറത്തേക്കിടാനും
ഒരു വഴി.
ഒരേ വഴി...
ചിലര്‍
അകത്തേക്ക്
എപ്പോഴും
ഇട്ടുകൊണ്ടേയിരിക്കും.
ചിലര്‍
പുറത്തേക്കും...
രണ്ടും
ഒരിക്കലും ദഹിക്കാതെ
അങ്ങനെ...
ഞാനാരാണെന്നറിയാനുള്ള
അവസാനിക്കാത്ത
അന്വേഷണമാണ്
എന്റെ ജീവിതം.
പക്ഷെ,
സത്യം
എപ്പോഴുമെന്നില്‍നിന്ന്
വഴുതിമാറുകയാണ്.
പൂര്‍ണ്ണതക്കുശേഷം
ശ്യൂന്യതയാണെന്നതിനാലാവാം
കണ്ണാടിപോലും
തലതിരിഞ്ഞരൂപം
കാണിച്ചുതന്ന്
എന്നെ
പറ്റിച്ചുകൊണ്ടേയിരിക്കുന്നത്...
മനോഹരവും
ജീവിതഗന്ധിയുമായ
ഒരു കവിത വേണം.
മനസ്സാണെങ്കില്‍
ശൂന്യം...
അങ്ങനെയാണ്
മുറിവിട്ട്
ഞാന്‍
പുറത്തിറങ്ങിയത്...
ആദ്യം കണ്ടത്
ഒരു ഉന്തുവണ്ടിനിറയെ
പ്രതീക്ഷകള്‍ കുത്തിനിറച്ച്
നടന്നടുക്കുന്ന
പച്ചക്കറിക്കാരനെയാണ്.
'സുഹ്രുത്തേ
എനിക്കൊരു കവിത വേണം'
ചീഞ്ഞ തക്കാളി
മൂന്നാലെണ്ണം പെറുക്കിയെടുത്ത്
അയാള്‍ പറഞ്ഞു:
'ഇതെന്റെ കൊച്ചുമോളുടെ
പുതിയ നോട്ടുപുസ്തകം'
അയാളെ വിട്ട്
പിന്നെപ്പോയത്
ഒരോട്ടോസ്റ്റാന്റിലേക്കാണ്.
ഞാന്‍
ചോദ്യമാവര്‍ത്തിച്ചു.
അപ്പോള്‍
പെട്രോള്‍ടാങ്ക് തുറന്ന്
ഒരു
കോലെടുത്തതിലിട്ട്
അറ്റത്തെ നനവിലേക്ക് നോക്കി
അയാള്‍
ദൈന്യമായി പുഞ്ചിരിച്ചു.
അവസാനം
ഞാനെത്തിയത്
തന്നേക്കാള്‍ ഭാരവുമായി
നടന്നുനീങ്ങുന്ന
ഒരു
വൃദ്ധന്റെയടുത്തേക്കാണ്.
ഒന്നും പറയാതെ
അയാളാ ചാക്ക്
എന്റെ
പുറത്തേക്ക് വച്ചു.
പുറം വളഞ്ഞെങ്കിലും
ഒന്നും ഞാന്‍
പുറത്തേക്ക് കാണിച്ചില്ല.
മൂന്നാം നിലയിലെ
നാലാം മുറിയില്‍
പുറത്തുള്ളത്
അകത്തേക്ക് വക്കുമ്പോഴേക്കും
ഞാനൊരു
കവിത
എഴുതിക്കഴിഞ്ഞിരുന്നു;
അന്നുവരെ
എഴുതിയിട്ടില്ലാത്ത...
ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...
അധ്യാപകന്, കവി, ഫോട്ടോഗ്രാഫര്‍, സാമൂഹിക പ്രവര്ത്തകന്.
കേരളത്തില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയിലെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. വിവിധ ആര്‍ട്ട്ഗാലറികള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലായി 41 ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തി. 'രണ്ടു പേര്‍ക്കും ലീവില്ല' എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കാളികാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാഹിതി കലാ സാഹിത്യ ജനകീയ കൂട്ടായ്മയുടെ ചെയര്മാന്. കാഴ്ച മിനി മാസികയുടെ പത്രാധിപര്‍. കുട്ടികള്‍ക്കായി കഥ- കവിത ശില്പശാലകള്, നാടകക്കളരി, യോഗ ക്ലാസുകള്‍ എന്നിവ നടത്തുന്നു.
മലപ്പുറം ജില്ലയിലെ മികച്ച അധ്യാപകനുള്ള എയര്‍- ഇന്ത്യ പ്രതിഭാ പുരസ്കാരം, റോഡപകടങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് മലയാള മനോരമയുടെ 'വഴിക്കണ്ണ്' പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.