September 26, 2010

മൂടൊഴിഞ്ഞു തരുന്നവര്‍



ലേണിംഗും എട്ടും
പിന്നെ
പഞ്ചായത്ത് റോഡിലെ ട്രയലും
കഴിഞ്ഞാണ്
ഞാന്‍
അങ്ങാടി കണ്ടത്.
ഹോ...
ഉണക്കമീന്‍ വാങ്ങാന്‍ വന്നവന്റെ
ബൈക്കും
പച്ചക്കറി ഡിക്കിയിലേക്കിടുന്നവന്റെ
കാറും
കൂട്ടുകാരനുമായി സൊറക്കുന്നവന്റെ
ജീപ്പും
റോഡ് നിറഞ്ഞു നില്‍ക്കുന്ന-
തിനിടയിലൂടെ
ചാഞ്ഞും ചരിഞ്ഞും
ഒരു വിധം
ഞാന്‍
പുറത്തു കടന്നു.
അങ്ങാടിക്കുരുക്കുകള്‍ പിന്നിട്ട്
ഹൈവേയുടെ നീണ്ടനിരപ്പില്‍
ടോപ്പ് ഗിയറിലേക്ക്
കാല്‍ നീങ്ങവേ,
തോളില്‍ പിണച്ചുവച്ച
കൈകളില്‍ തൂങ്ങിയാടി
ഒരു സൗഹൃദക്കൂട്ടം
മുന്നില്‍ ചാടിയത്
പെട്ടെന്നായിരുന്നു.
കാലാദ്യമായി ബ്രേക്കിലേക്ക് ...
പിന്നീട്,
തനിക്കുവേണ്ട പേര്
പരസ്യബോര്‍ഡുകളില്‍
തിരയുന്നവര്‍,
മൊബൈല്‍
ചെവിയുടെ അണ്ണാക്കിലേക്ക്
തിരുകിയവര്‍,
റോഡിനുനടുവിലെ
വെള്ളവരക്കരികില്‍
'ഔദാര്യ'ത്തിന്റെ പോസ്റ്റര്‍
മുഖത്തൊട്ടിച്ച്
മൂടൊഴിഞ്ഞ് തരുന്നവര്‍...
ബ്രേക്കു ചവിട്ടാന്‍
കാരണങ്ങളുടെ
ഇടമുറിയാത്ത നീണ്ടനിര.
ഇതിനിടയില്‍,
ഹോണടി കേട്ട്
ആദ്യമായി സൈഡ് തന്നവരെ
ഞാനിറങ്ങിച്ചെന്നൊന്നു നമിച്ചു.
പകരം,
അവരൊന്നിളിച്ചു,
ഒന്നമറി,
പിന്നെ
അല്‍‌പ്പം
ചാണകമിട്ടു തന്നു...
.