October 29, 2010

സിറോക്സ് കോപ്പി


മുകളില്‍ വച്ച ഒറിജിനലിന്റെ
തനി പകര്‍പ്പാണ്
അവള്‍
എടുത്തുകൊടുത്തത്.
എന്നിട്ടും
കളര്‍ കുറഞ്ഞുപോയത്

'ടോണറിന്റെ'
കുഴപ്പം കൊണ്ടാണെന്ന്
വിശ്വസിക്കാന്‍
അയാള്‍ തയ്യാറായിരുന്നില്ല...
കാരണം,
രാത്രിയുടെ അന്ത്യയാമങ്ങളില്‍
വേലിക്കരികില്‍
നിഴലുകളനങ്ങിയിരുന്നത്
അയാളുടെ
തോന്നല്‍ മാത്രമായിരുന്നില്ല
ല്ലോ...

October 23, 2010

ഊട്ടിയിലെ പട്ടി


പകല്‍ മുഴുവന്‍
'ഈസ്', 'വാസ്' കൊണ്ട്
ജാഡ കാണിച്ച
ഒരുത്തന്റെ തലയില്‍
രാത്രിയില്‍ വെള്ളമൊഴിച്ചപ്പോള്‍
അമ്മേ എന്നു നിലവിളീച്ചതായി
പറഞ്ഞുകേട്ടിട്ടുണ്ട്.
ലോകഭാഷയില്‍ തന്നെ
വളരെ ശക്തമായ
സാഹിത്യവും സംസ്കാരവും കൊണ്ട്
സമ്പന്നമായ
നമ്മുടെ പ്രിയപ്പെട്ട മലയാളത്തെ
അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക്
വലിച്ചെറിഞ്ഞ
ഒരു തലമുറയാണ്
നമ്മുടേത്.
അത്ഭുതപ്പെടേണ്ട;
'വീട്ടിലെ കുട്ടി ഊട്ടിയിലും
ഊട്ടിയിലെ പട്ടി വീട്ടിലുമല്ലേ...?'
.

October 06, 2010

നാല് കവിതകള്‍


  • ജനനം
ഏകാധിപത്യത്തിന്റെ
സ്വാതന്ത്ര്യത്തില്‍ നിന്ന്
'സര്‍‌വ്വാധിപത്യ'ത്തിന്റെ
അടിമത്തത്തിലേക്ക്
ഒരു
ചുവടുമാറ്റം.
  • വിവാഹം
സ്വതന്ത്രമായൊഴുകുന്ന
രണ്ടു നേര്‍രേഖകളെ
സം‌യോജിപ്പിച്ച്
വളവുകളും
വിളവുകളും
സൃഷ്ടിക്കുന്ന
സൂത്രവാക്യം.
  • മരണം
ഉറക്കം നടിക്കുന്ന
ആളുകള്‍ക്കിടയില്‍
ഉറക്കം നടിക്കാത്ത
ഒരാളുടെ ജനനം.
  • ജീവിതം
ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി.
.