November 24, 2010

കവിത ജനിക്കുമ്പോള്‍

മനോഹരവും
ജീവിതഗന്ധിയുമായ
ഒരു കവിത വേണം.
മനസ്സാണെങ്കില്‍
ശൂന്യം...
അങ്ങനെയാണ്
മുറിവിട്ട്
ഞാന്‍
പുറത്തിറങ്ങിയത്...
ആദ്യം കണ്ടത്
ഒരു ഉന്തുവണ്ടിനിറയെ
പ്രതീക്ഷകള്‍ കുത്തിനിറച്ച്
നടന്നടുക്കുന്ന
പച്ചക്കറിക്കാരനെയാണ്.
'സുഹ്രുത്തേ
എനിക്കൊരു കവിത വേണം'
ചീഞ്ഞ തക്കാളി
മൂന്നാലെണ്ണം പെറുക്കിയെടുത്ത്
അയാള്‍ പറഞ്ഞു:
'ഇതെന്റെ കൊച്ചുമോളുടെ
പുതിയ നോട്ടുപുസ്തകം'
അയാളെ വിട്ട്
പിന്നെപ്പോയത്
ഒരോട്ടോസ്റ്റാന്റിലേക്കാണ്.
ഞാന്‍
ചോദ്യമാവര്‍ത്തിച്ചു.
അപ്പോള്‍
പെട്രോള്‍ടാങ്ക് തുറന്ന്
ഒരു
കോലെടുത്തതിലിട്ട്
അറ്റത്തെ നനവിലേക്ക് നോക്കി
അയാള്‍
ദൈന്യമായി പുഞ്ചിരിച്ചു.
അവസാനം
ഞാനെത്തിയത്
തന്നേക്കാള്‍ ഭാരവുമായി
നടന്നുനീങ്ങുന്ന
ഒരു
വൃദ്ധന്റെയടുത്തേക്കാണ്.
ഒന്നും പറയാതെ
അയാളാ ചാക്ക്
എന്റെ
പുറത്തേക്ക് വച്ചു.
പുറം വളഞ്ഞെങ്കിലും
ഒന്നും ഞാന്‍
പുറത്തേക്ക് കാണിച്ചില്ല.
മൂന്നാം നിലയിലെ
നാലാം മുറിയില്‍
പുറത്തുള്ളത്
അകത്തേക്ക് വക്കുമ്പോഴേക്കും
ഞാനൊരു
കവിത
എഴുതിക്കഴിഞ്ഞിരുന്നു;
അന്നുവരെ
എഴുതിയിട്ടില്ലാത്ത...




3 comments:

പദസ്വനം said...

ലോകം കണ്ടു.. കവിത ജനിച്ചു...
കൊള്ളാം...
ഭാവുകങ്ങള്‍

കൊമ്പന്‍ said...

തീക്ഷ്ണമായ ചിന്തകള്‍ തന്നെ ആകുന്നു കവിതക്ക് ആധാരം

lekshmi. lachu said...

kannukal eniyum thurannirikkate..

Post a Comment